പത്രസമ്മേളനം
'വെളിച്ചം 2016' ഡിസംബര്‍ 24 ന്
ഇരിങ്ങാലക്കുട : എടതിരിഞ്ഞി ഒപ്പം സാംസ്‌കാരിക കൂട്ടായ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 'വെളിച്ചം 2016' ഡിസംബര്‍ 24 ശനിയാഴ്ച വൈകീട്ട് 5 ന് എടതിരിഞ്ഞി ചെട്ടിയാലില്‍വെച്ച് നടത്തുകയാണ്. സമ്മേളനം തൃശ്‌സൂര്‍ എം.പി.സി.എന്‍.ജയദേവന്‍ ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു. അരുണന്‍ നിര്‍വ്വഹിക്കും. പടിയൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത നാടക രചയിതാവ് ഹേമന്ത് കുമാര്‍ മുഖ്യാതിഥിയായിരിക്കും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍,കെ.ഉദയപ്രകാശ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. സമ്മേളനത്തിനു ശേഷം മിനിസ്‌ക്രീന്‍ താരങ്ങളെ അണിനിരത്തി ഒപ്പം സാസ്‌കാരിക കൂട്ടായ്മ ഒരുക്കുന്ന മെഗാഷോ 'തീവണ്ടി' അരങ്ങിലെത്തും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച നിര്‍ദ്ധനരായ വ്യക്തികള്‍ക്ക് ചികിത്സാസഹായം മരുന്നുകള്‍ വാട്ടര്‍ ബെഡ്ഡ്, എയര്‍ബെഡ്ഡ് വീല്‍ചെയര്‍ എന്നിവ നല്‍കാനും കിടപ്പുരോഗികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുമാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. സഹായം ആവശഅയമുള്ളവര്‍ കൂട്ടായ്മയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കുന്നമുറക്ക് പരിഗണിക്കപ്പെടും. ഇതിനോടൊപ്പം തന്നെ 'പ്രതിരോധിക്കാം കാന്‍സറിനെ' എന്ന പേരില്‍ ഒരു ക്യാമ്പയിനും തുടക്കമിടും. ഇതിന്റെ ഭാഗമായി ജനുവരി 26ന് എടതിരിഞ്ഞിയില്‍ വെച്ച് കാന്‍സര്‍ ബോധവല്‍ക്കരണക്ലാസ്സും രോഗനിര്‍ണ്ണയവും സൗജന്യമമോഗ്രാം ടെസ്റ്റും നടത്തുമെന്ന് ഒപ്പം സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് കണ്ണന്‍ എം.എല്‍, വൈ.പ്രസിഡന്റ് ബിജു.സി.എസ്.,സെക്രട്ടറി നിധിന്‍ വി.എസ്, ഖജാന്‍ജി രാഗേഷ്എം.എസ്. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
 
സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.